ചങ്ങമ്പുഴക്കവിതയിലെന്ന പോലെ പച്ചപുതച്ച പുല്‍മേടുകളും മലകളും വയലേലകളും കൊച്ചു കല്ലോലിനികളും പുഴകളും മറ്റ് പലതരം വൃക്ഷലതാദികളാലും സമൃദ്ധമാണ് ഇരിങ്ങത്ത് എന്ന ഗ്രാമം. ഇവിടം ക്ഷേത്രങ്ങളും പള്ളികളും കാവുകളും കൊണ്ട് ധന്യമാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മതില്‍ക്കെട്ട് പോലെ തലയുയര്‍ത്തി നില്‍ക്കുന്ന പാക്കനാര്‍പുരം കുന്ന്. അതിന്റെ പടിഞ്ഞാറെ ചരിവില്‍ കുലുപ്പച്ചാല്‍ എന്ന നീര്‍ത്തടാകം. ഒരു കാലത്ത് കുലുപ്പച്ചാല്‍ നെല്‍കൃഷിക്ക് പേരുകേട്ടതായിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പാക്കനാര്‍പുരം ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മജിയുടെയും കേരളഗാന്ധി കേളപ്പജിയുടെയും ആചാര്യ വിനോബജിയുടെയും പാദസ്പര്‍ശമേറ്റ് പരിശുദ്ധമായ പാക്കനാര്‍പുരം... ഒരു ചരിത്ര സ്മാരകം പോലെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധിസദനം. നൂല്‍നൂല്‍പ്പിനും മണ്‍പാത്ര വ്യവസായത്തിനും പേരുകേട്ട ഈ സ്ഥലം ആധുനിക വത്കരണത്തിന്റെ ഭാഗമായി അന്യം നിന്നുകിടക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റത്തിന്റെ പ്രകമ്പനം ഉള്‍ക്കൊണ്ട് നിശ്ചലമായി നീണ്ടു പോകുന്ന പയ്യോളി-പേരാമ്പ്ര റോഡ്. ഈ റോഡ് ആംഗല ഭരണകാലത്ത് പണിതതാണെന്ന് പറയപ്പെടുന്നു.
പാക്കനാര്‍പുരത്ത് നിന്നും നൂറു മീറ്റര്‍ അകലെ കിഴക്ക് ഭാഗത്തായി കുപ്പേരിക്കാവ് ഭഗവതിക്ഷേത്രം .ഭഗവതി ഇരിക്കുന്ന അകം എന്നത് കൊണ്ടാവാം ഇരിങ്ങത്ത് എന്ന പേരുവരാന്‍ കാരണമെന്ന് അനുമാനിക്കുന്നു. പണ്ട് ഈ സ്ഥലത്തിന് മുകപ്പൂര്‍ (മുകളിലുള്ള ഊര് ) എന്നും പേരുണ്ടായിരുന്നു. കുംഭ ഭരണിയില്‍ നിശ്ചയിച്ച് മീന ഭരണിയില്‍ അവസാനിക്കുന്ന കാലഘട്ടമാണ് ഉത്സവകാലം. ചെറിയ വിളക്കില്‍ തുടങ്ങി വാളകം കൂടുന്ന ഏഴു ദിവസമാണ് ഉത്സവം. കുപ്പേരിക്കാവ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ക്ഷീരകര്‍ഷക സഹകരണ സംഘം ഇരിങ്ങത്തെ ക്ഷീരകര്‍ഷകരുടെ ആശാകേന്ദ്രമാണ്.
കുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും അല്പം കിഴക്കായി ഇരിങ്ങത്ത് യു.പി. സ്‌കൂളും എതിര്‍വശത്ത് മാപ്പിള എല്‍.പി.സ്‌കൂളും നിലകൊള്ളുന്നു. സ്‌കൂളിന്റെ തൊട്ടടുത്താണ് പുരാതനമായ മുകപ്പൂര്‍ പള്ളി. ഇരിങ്ങത്ത് കാരുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് അടുത്തടുത്തുള്ള പള്ളിയും ക്ഷേത്രവും. പള്ളിയില്‍ നിന്നും അല്പം കിഴക്കാണ് കല്ലുംപുറം എന്ന കവല. പണ്ട് ഈ സ്ഥലത്തിന് പാണ്ടിശാലയ്ക്കല്‍ എന്നും പേരുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഏതോ പാണ്ടികശാലയാവാം എന്ന് കരുതുന്നു.
കല്ലുംപുറത്ത് ഇരിങ്ങത്ത് വികസന സമിതി വായന ശാലയും പാക്കനാര്‍പുരം ആയുര്‍വേദ ആശുപത്രിയുമുണ്ട്. കല്ലുംപുറത്ത് നിന്നും വടക്കോട്ട് പോകുന്ന റോഡില്‍ ഇരിങ്ങത്ത് കഌനിക്. അവിടെ നിന്നും വടക്കോട്ട് നടന്നാല്‍ പച്ച പുതച്ച നെല്‍പാടങ്ങള്‍ കാണാം. പാടത്തിന്റെ നടുവില്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് അടുത്തായി തിരുത്തില്‍ പാറ. ഈ പാറ ഇന്ന് അസ്ഥി മാത്രമായി അവശേഷിക്കുന്നു. അവിടുന്ന് അല്പം വടക്ക് മാറി അയിമ്പാടി ക്ഷേത്രം . എല്ലാ വര്‍ഷവും കുംഭം പതിനേഴിനാണ് അവിടെ തിറ മഹോത്സവം. അയിമ്പാടി ക്ഷേത്രത്തിന്റെ ഭാഗമായ അയ്യറോത്ത് പരദേവതാ ക്ഷേത്രം കണ്ടംചിറയുടെ സമീപത്താണ്. അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രം , നടുക്കണ്ടി ക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളാണ്. ദേവന്‍മാരുടെയും ദേവിമാരുടെയും വിളയാട്ടുകേന്ദ്ര മായത് കൊണ്ടാവാം ഈ സ്ഥലത്തിന് വിളയാട്ടൂര്‍ എന്ന പേര് വന്നത്. കല്ലുംപുറത്ത് നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ അകലത്തില്‍ പേരാമ്പ്ര റോഡിന്റെ വടക്ക് ഭാഗത്തായി രണ്ട് ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള മുണ്ടപ്പുറം ശിവക്ഷേത്രവും അത്രതന്നെ പഴക്കമുള്ള കുനിപ്പൊയില്‍ വിഷ്ണുക്ഷേത്രവും.
ഇരിങ്ങത്ത് നടുവണ്ണൂര്‍ റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ചാല്‍ തങ്കമല എസ്റ്റേറ്റ് കാണാം . അതിനപ്പുറം നീറോഡ് മല. നീറോഡ് മലയില്‍ നിന്നും നോക്കിയാല്‍ അങ്ങകലത്തായ്ി അറബിക്കടലും ചെറുപുഴയും അകലാപ്പുഴയും കാണാം. നീറോഡ് മലയുടെ മുകളില്‍ രണ്ട് കളരികളുണ്ട്. ചെറിയ കളരിയും വലിയ കളരിയും. അവിടെ 1974 ല്‍ സ്ഥ്പിച്ച വാര്‍ത്താവിനിമയ രംഗത്തെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശൃംഖലയായ മൈക്രോ വേവ് സ്‌റ്റേഷന്‍.
കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങള്ില്‍ സജീവമായി നിലനില്‍ക്കുന്ന ഒട്ടേറെ കലാവേദികള്‍ ( ഷാലിമാര്‍, സചേതന, സരിഗ, കൈലാസം, സുകൃതം, സഹോദര, ഗ്രാമീണ, പ്രഗതി, വികാസ്, എം.ആര്‍.എം, കെ,ആര്‍.എം, ഹരിശ്രീ, ബോധി, നൈതികം,......... ) ഇരിങ്ങത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ പ്രതീകങ്ങളാണ്.
No comments:
Post a Comment