
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധി യില്‍ തുറയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തുറയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.48 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മണിയൂര്‍, ചെറുവണ്ണൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകള്‍, തെക്ക് തിക്കോടി, മൂടാടി, കീഴരിയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മണിയൂര്‍, പയ്യോളി, തിക്കോടി പഞ്ചായത്തുകള്‍, കിഴക്ക് മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. 1962-ല്‍ സ്പെഷ്യല്‍ ഓഫീസറുള്ള തുറയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നെങ്കിലും 1963-ലാണ് പ്രായപൂര്‍ത്തി വോട്ടവകാശ ത്തിലുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി ഒന്നിന് ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നു. 1969-ല്‍ തുറയൂര്‍ പഞ്ചായത്ത് വിഭജിച്ച് തുറയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. ഏതൊരു കേരളഗ്രാമത്തെയും പോലെ തുറയൂരും അതിന്റേതായ തനിമ ഭൂപ്രകൃതിയില്‍ കാത്തുസൂക്ഷിക്കുന്നു. കുന്നും, മലയും, പുഴയും, തോടും, തടാകവും, വയലും, ചെരിവും, ചതുപ്പും ഒക്കെ തുറയൂരിന്റെ ഗ്രാമാന്തരങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയും. പഴയ കുറുമ്പ്രനാട് താലൂക്കിലെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന പയ്യോളി അങ്ങാടി ഈ പഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുറ്റ്യാടിപ്പുഴയ്ക്കഭിമുഖമായി നില്‍ക്കുന്ന ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം അന്ന് ട്രാവലേഴ്സ് ബംഗ്ളാവ് ആയിരുന്നു. ഉയര്‍ന്ന ബ്രിട്ടീഷുദ്യോഗസ്ഥരും, രാഷ്ട്രീയനേതാക്കളും ഈ ടി.ബി.യില്‍ താമസിച്ചിരുന്നു. മലബാര്‍ മാന്വല്‍ എഴുതിയ ലോഗനും, കനോലി കനാലിന് രൂപം കൊടുത്ത കനോലി സായിപ്പും ഇവിടെ താമസിച്ചിരുന്നെന്ന് പറയപ്പെടുന്നു. കേളപ്പജിയുടെ ജന്മം കൊണ്ട് തന്നെ ധന്യമായ ഈ പ്രദേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ അയിത്തോച്ചാടനം, നൂല്‍നൂല്‍പ്പ് നിര്‍മ്മാണ പ്രവര്‍ത്തനം, മദ്യവിരുദ്ധ സമരം എന്നീ മേഖലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
No comments:
Post a Comment