Monday, November 21, 2011

തുറയൂര്‍ - കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വെബ് സൈറ്റില്‍ നിന്ന് -

തുറയൂര്‍ എന്ന പദത്തിന് തുറമുഖത്തിന്റെ നാട് എന്നര്‍ത്ഥമുണ്ട്. ഈ പ്രദേശത്ത് മുമ്പ് തുറമുഖം ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. വടക്കുഭാഗം കുറ്റ്യാടിപ്പുഴയും തെക്കുഭാഗം അകലാപ്പുഴയും സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ മറ്റു പ്രദേശത്തെ ആളുകള്‍ കടവുകള്‍ കടന്നാണ് ഇവിടെയെത്തിച്ചേര്‍ന്നിരുന്നത്്. തുറ എന്ന വാക്കിന് കടവ് എന്നര്‍ത്ഥമുണ്ട്. അനേകം തുറകളുള്ള നാട് എന്നര്‍ത്ഥത്തില്‍ തുറകളുടെ ഊര് ക്രമേണ തുറയൂരായതായിരിക്കാം. ഒരു കാലത്ത് ബ്രാഹ്മണര്‍ കൂടുതലായി അധിവസിച്ച പ്രദേശമാണിത്. തുറവന്‍ എന്നാല്‍ ജ്ഞാനി എന്നാണര്‍ത്ഥം. തുറവന്‍മാരുടെ ഊര് ക്രമേണ ലോപിച്ച് തുറയൂര് ആവാനും സാധ്യതയുണ്ട്. പഴയ നമ്പൂതിരി ഇല്ലങ്ങളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ ഇവിടെ ധാരാളമുണ്ട്. മനയ്ക്കല്‍, എളമന, തൃക്കോവില്‍, കോലാത്ത്, വണ്ണത്താന്‍ വീട്, വണ്ണാന്റെവിട തുടങ്ങിയ സ്ഥലനാമങ്ങള്‍ അന്നത്തെ ബ്രാഹ്മണ ഭവനങ്ങളെയും, ആശ്രിത ഭവനങ്ങളെയും സൂചിപ്പിക്കുന്നു. തുറയൂര്‍ എന്ന സ്ഥലം ഇന്ന് പയ്യോളി എന്ന പേരിലാണധികവും അറിയപ്പെടുന്നത്. പയ്യോര്‍ മലയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ പയ്യോളിയിടം എന്ന ഭവനം പയ്യോര്‍മലയുടെ ആസ്ഥാനമായിരിക്കാന്‍ സാധ്യതയുണ്ട്. പയ്യോര്‍മല മുത്തശ്ശിയുടെ ക്ഷേത്രം ഈ പഞ്ചായത്തിലെ തോലേരിയിലായിരുന്നു. പയ്യോളിയിടം എന്ന പേരില്‍ നിന്നാവാം ഈ പ്രദേശത്തിന് പയ്യോളി എന്ന പേര്‍ സിദ്ധിച്ചത്. കുറ്റ്യാടി മുതല്‍ കോരപ്പുഴവരെയുള്ളവരും, തിക്കോടി, മൂടാടി, കീഴരിയൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലുള്ളവരും ഇവിടുത്തെ പ്രസിദ്ധമായ തിങ്കളാഴ്ച ചന്തയ്ക്ക് എത്തിച്ചേരാറുണ്ടായിരുന്നു. വെറ്റില, ചക്കര, ചൂടിപ്പായ, ഉപ്പൂത്തിയില, കോഴി, താളി ഇവയുടെ വിപണന കേന്ദ്രമായിരുന്നു ഈ അങ്ങാടി. മൂരാട് നിന്നും പയ്യോളി അങ്ങാടി വഴി കുറ്റ്യാടിയ്ക്ക് ബോട്ടുസര്‍വ്വീസും ഉണ്ടായിരുന്നു. കനോലി കനാലിന്റെ ഭാഗമായി അകലാപ്പുഴ കീറി കുറ്റ്യാടിപ്പുഴയുമായി യോജിപ്പിച്ച് നിര്‍മ്മിച്ച പയ്യോളി ചീര്‍പ്പ് അന്നു വളരെ പ്രസിദ്ധമായിരുന്നു. ഈ ചീര്‍പ്പിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് ഈ സ്ഥലത്തിന് പയ്യോളി ചീര്‍പ്പ് എന്ന ഒരു പേര് കൂടി വന്നുചേര്‍ന്നത്. 1924-ല്‍ പ്രവര്‍ത്തനമാരംഭിച്ച പാക്കനാര്‍പുരത്തെ ശ്രദ്ധാനന്ദവിദ്യാലയം അവര്‍ണ്ണരുടെ വിദ്യാഭ്യാസത്തിനുള്ള അങ്കക്കളരിയായിരുന്നു. നല്ലമ്പ്രക്കുന്നില്‍ അവിഞ്ഞാട്ടുമൂപ്പില്‍ നായരില്‍ നിന്ന് 8 ഏക്കര്‍ സ്ഥലം ചാര്‍ത്തിവാങ്ങി ഈ വിദ്യാലയം സ്ഥാപിച്ചതും ഈ പ്രദേശത്തിന് പാക്കനാര്‍പുരം എന്ന് നാമകരണം ചെയ്തതും കെ.കേളപ്പജിയായിരുന്നു. കെ.കേളപ്പന്‍, എ.കെ.ഗോപാലന്‍, ആനന്ദതീര്‍ത്ഥര്‍ തുടങ്ങിയ പ്രഗല്‍ഭരായിരുന്നു ഇവിടുത്തെ അദ്ധ്യാപകര്‍. 1934-ല്‍ ഇവിടുത്തെ ഹരിജനോദ്ധാരണ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മഹാത്മാഗാന്ധി എത്തിച്ചേര്‍ന്നതും ഈ പഞ്ചായത്തിന്റെ അഭിമാനകരമായ ചരിത്രവസ്തുതയാണ്. പൂജ്യ വിനോബാജിയും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സാമൂതിരിക്കോവിലകവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന പ്രസിദ്ധമായ രണ്ട് തറവാടുകള്‍ ഇവിടെ ഉണ്ടായിരുന്നു. മനയ്ക്കലും കോമത്തുമാണ് ആ രണ്ട് തറവാടുകള്‍. ഒറ്റ ദിവസം കൊണ്ട് 101 കറുത്ത കറവപ്പശുക്കളെ എത്തിച്ചുകൊടുത്തതിന് പാരിതോഷികമായി കോമത്തു തറവാട്ടിലെ കാരണവര്‍ക്ക് കൃഷ്ണനാട്ടം കളിക്കാനുള്ള സമ്മതം സാമൂതിരിരാജാവ് കല്പിച്ചുനല്‍കിയെന്ന് ഐതിഹ്യമുണ്ട്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന തുറയൂര്‍ പഞ്ചായത്ത് ഇപ്പോഴത്തെ കീഴരിയൂര്‍ പഞ്ചായത്തുകൂടെ ഉള്‍പ്പെട്ട ഭാഗമായിരുന്നു.  4 ദേശങ്ങള്‍ പഞ്ചായത്തിലുണ്ടായിരുന്നു. തുറയൂര്‍ കീഴരിയൂര്‍, ഇരിങ്ങത്ത്, മുകപ്പൂര്‍ എന്നിവയാണവ. ഏതാനും കുന്നുകളും വിശാലമായ പാടശേഖരങ്ങളും ഗണ്യമായ ചതുപ്പുനിലങ്ങളും ചേര്‍ന്ന ഭൂവിഭാഗമാണ് ഈ പഞ്ചായത്ത്. വടക്ക് കുറ്റ്യാടിപ്പുഴയും, തെക്ക് അകലാപ്പുഴയും, തെക്കുകിഴക്കുഭാഗം ചെറുപുഴയും ഈ പഞ്ചായത്തിന്റെ അതിര്‍ത്തികളായി വരുന്നു. കൃഷി, പായനെയ്ത്ത്, മല്‍സ്യബന്ധനം, മണ്‍പാത്രനിര്‍മ്മാണം, കച്ചവടം, കന്നുകാലി വളര്‍ത്തല്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട തൊഴിലുകള്‍. ഒരു കാലത്ത് വളരെയേറെ നെല്ലുല്പാദനം നടന്ന പ്രദേശമായിരുന്നു ഇത്. വളരെ മുമ്പ് തന്നെ ജനനിബിഡവും കര്‍മ്മ നിരതവുമായ ഈ പ്രദേശത്ത് പയ്യോളി പോലീസ് സ്റ്റേഷന്‍, പയ്യോളി രജിസ്ട്രാര്‍ ഓഫീസ്, പയ്യോളി കോടതി എന്നിവ സ്ഥിതി ചെയ്തിരുന്നു. ഒരു കാലത്ത് പയ്യോളി അങ്ങാടി കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം അപര്യാപ്തമായിരുന്ന അക്കാലത്ത് ജലഗതാഗതം ആയിരുന്നു മുഖ്യ ആശ്രയം. വര്‍ഷകാലത്ത് ഈ പഞ്ചായത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുക പതിവായിരുന്നു. കുറ്റ്യാടിപ്പുഴയ്ക്ക് ഭിത്തികെട്ടി റോഡ് ഗണ്യമായുയര്‍ത്തിയതിനുശേഷമാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന്  ഈ പഞ്ചായത്ത് രക്ഷനേടിയത്. വിദ്യാഭ്യാസ രംഗത്ത് ഈ പഞ്ചായത്തിന് വിസ്മരിക്കാന്‍ കഴിയാത്ത നാമധേയമാണ് കുഞ്ഞിമ്മൂസ്സ മൌലവിയുടേത്. 4 പ്രാഥമികവിദ്യാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. പള്ളിക്കുനി, പാറേമ്മല്‍, ഇരിങ്ങത്ത് എം.എല്‍.പി, പയ്യോളി സൌത്ത് എ.എല്‍.പി.എന്നിവ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളാണ്.

No comments:

Post a Comment