ചങ്ങമ്പുഴക്കവിതയിലെന്ന പോലെ പച്ചപുതച്ച പുല്‍മേടുകളും മലകളും വയലേലകളും കൊച്ചു കല്ലോലിനികളും പുഴകളും മറ്റ് പലതരം വൃക്ഷലതാദികളാലും സമൃദ്ധമാണ് ഇരിങ്ങത്ത് എന്ന ഗ്രാമം. ഇവിടം ക്ഷേത്രങ്ങളും പള്ളികളും കാവുകളും കൊണ്ട് ധന്യമാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മതില്‍ക്കെട്ട് പോലെ തലയുയര്‍ത്തി നില്‍ക്കുന്ന പാക്കനാര്‍പുരം കുന്ന്. അതിന്റെ പടിഞ്ഞാറെ ചരിവില്‍ കുലുപ്പച്ചാല്‍ എന്ന നീര്‍ത്തടാകം. ഒരു കാലത്ത് കുലുപ്പച്ചാല്‍ നെല്‍കൃഷിക്ക് പേരുകേട്ടതായിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പാക്കനാര്‍പുരം ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മജിയുടെയും കേരളഗാന്ധി കേളപ്പജിയുടെയും ആചാര്യ വിനോബജിയുടെയും പാദസ്പര്‍ശമേറ്റ് പരിശുദ്ധമായ പാക്കനാര്‍പുരം... ഒരു ചരിത്ര സ്മാരകം പോലെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധിസദനം. നൂല്‍നൂല്‍പ്പിനും മണ്‍പാത്ര വ്യവസായത്തിനും പേരുകേട്ട ഈ സ്ഥലം ആധുനിക വത്കരണത്തിന്റെ ഭാഗമായി അന്യം നിന്നുകിടക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റത്തിന്റെ പ്രകമ്പനം ഉള്‍ക്കൊണ്ട് നിശ്ചലമായി നീണ്ടു പോകുന്ന പയ്യോളി-പേരാമ്പ്ര റോഡ്. ഈ റോഡ് ആംഗല ഭരണകാലത്ത് പണിതതാണെന്ന് പറയപ്പെടുന്നു.
പാക്കനാര്‍പുരത്ത് നിന്നും നൂറു മീറ്റര്‍ അകലെ കിഴക്ക് ഭാഗത്തായി കുപ്പേരിക്കാവ് ഭഗവതിക്ഷേത്രം .ഭഗവതി ഇരിക്കുന്ന അകം എന്നത് കൊണ്ടാവാം ഇരിങ്ങത്ത് എന്ന പേരുവരാന്‍ കാരണമെന്ന് അനുമാനിക്കുന്നു. പണ്ട് ഈ സ്ഥലത്തിന് മുകപ്പൂര്‍ (മുകളിലുള്ള ഊര് ) എന്നും പേരുണ്ടായിരുന്നു. കുംഭ ഭരണിയില്‍ നിശ്ചയിച്ച് മീന ഭരണിയില്‍ അവസാനിക്കുന്ന കാലഘട്ടമാണ് ഉത്സവകാലം. ചെറിയ വിളക്കില്‍ തുടങ്ങി വാളകം കൂടുന്ന ഏഴു ദിവസമാണ് ഉത്സവം. കുപ്പേരിക്കാവ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ക്ഷീരകര്‍ഷക സഹകരണ സംഘം ഇരിങ്ങത്തെ ക്ഷീരകര്‍ഷകരുടെ ആശാകേന്ദ്രമാണ്.
കുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും അല്പം കിഴക്കായി ഇരിങ്ങത്ത് യു.പി. സ്‌കൂളും എതിര്‍വശത്ത് മാപ്പിള എല്‍.പി.സ്‌കൂളും നിലകൊള്ളുന്നു. സ്‌കൂളിന്റെ തൊട്ടടുത്താണ് പുരാതനമായ മുകപ്പൂര്‍ പള്ളി. ഇരിങ്ങത്ത് കാരുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് അടുത്തടുത്തുള്ള പള്ളിയും ക്ഷേത്രവും. പള്ളിയില്‍ നിന്നും അല്പം കിഴക്കാണ് കല്ലുംപുറം എന്ന കവല. പണ്ട് ഈ സ്ഥലത്തിന് പാണ്ടിശാലയ്ക്കല്‍ എന്നും പേരുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഏതോ പാണ്ടികശാലയാവാം എന്ന് കരുതുന്നു.
കല്ലുംപുറത്ത് ഇരിങ്ങത്ത് വികസന സമിതി വായന ശാലയും പാക്കനാര്‍പുരം ആയുര്‍വേദ ആശുപത്രിയുമുണ്ട്. കല്ലുംപുറത്ത് നിന്നും വടക്കോട്ട് പോകുന്ന റോഡില്‍ ഇരിങ്ങത്ത് കഌനിക്. അവിടെ നിന്നും വടക്കോട്ട് നടന്നാല്‍ പച്ച പുതച്ച നെല്‍പാടങ്ങള്‍ കാണാം. പാടത്തിന്റെ നടുവില്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് അടുത്തായി തിരുത്തില്‍ പാറ. ഈ പാറ ഇന്ന് അസ്ഥി മാത്രമായി അവശേഷിക്കുന്നു. അവിടുന്ന് അല്പം വടക്ക് മാറി അയിമ്പാടി ക്ഷേത്രം . എല്ലാ വര്‍ഷവും കുംഭം പതിനേഴിനാണ് അവിടെ തിറ മഹോത്സവം. അയിമ്പാടി ക്ഷേത്രത്തിന്റെ ഭാഗമായ അയ്യറോത്ത് പരദേവതാ ക്ഷേത്രം കണ്ടംചിറയുടെ സമീപത്താണ്. അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രം , നടുക്കണ്ടി ക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളാണ്. ദേവന്‍മാരുടെയും ദേവിമാരുടെയും വിളയാട്ടുകേന്ദ്ര മായത് കൊണ്ടാവാം ഈ സ്ഥലത്തിന് വിളയാട്ടൂര്‍ എന്ന പേര് വന്നത്. കല്ലുംപുറത്ത് നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ അകലത്തില്‍ പേരാമ്പ്ര റോഡിന്റെ വടക്ക് ഭാഗത്തായി രണ്ട് ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള മുണ്ടപ്പുറം ശിവക്ഷേത്രവും അത്രതന്നെ പഴക്കമുള്ള കുനിപ്പൊയില്‍ വിഷ്ണുക്ഷേത്രവും.
ഇരിങ്ങത്ത് നടുവണ്ണൂര്‍ റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ചാല്‍ തങ്കമല എസ്റ്റേറ്റ് കാണാം . അതിനപ്പുറം നീറോഡ് മല. നീറോഡ് മലയില്‍ നിന്നും നോക്കിയാല്‍ അങ്ങകലത്തായ്ി അറബിക്കടലും ചെറുപുഴയും അകലാപ്പുഴയും കാണാം. നീറോഡ് മലയുടെ മുകളില്‍ രണ്ട് കളരികളുണ്ട്. ചെറിയ കളരിയും വലിയ കളരിയും. അവിടെ 1974 ല്‍ സ്ഥ്പിച്ച വാര്‍ത്താവിനിമയ രംഗത്തെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശൃംഖലയായ മൈക്രോ വേവ് സ്‌റ്റേഷന്‍.
കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങള്ില്‍ സജീവമായി നിലനില്‍ക്കുന്ന ഒട്ടേറെ കലാവേദികള്‍ ( ഷാലിമാര്‍, സചേതന, സരിഗ, കൈലാസം, സുകൃതം, സഹോദര, ഗ്രാമീണ, പ്രഗതി, വികാസ്, എം.ആര്‍.എം, കെ,ആര്‍.എം, ഹരിശ്രീ, ബോധി, നൈതികം,......... ) ഇരിങ്ങത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ പ്രതീകങ്ങളാണ്.


തുറയൂര് എന്ന പദത്തിന് തുറമുഖത്തിന്റെ നാട് എന്നര്‍ത്ഥമുണ്ട്. ഈ പ്രദേശത്ത് മുമ്പ് തുറമുഖം ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. വടക്കുഭാഗം കുറ്റ്യാടിപ്പുഴയും തെക്കുഭാഗം അകലാപ്പുഴയും സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ മറ്റു പ്രദേശത്തെ ആളുകള്‍ കടവുകള്‍ കടന്നാണ് ഇവിടെയെത്തിച്ചേര്‍ന്നിരുന്നത്്. തുറ എന്ന വാക്കിന് കടവ് എന്നര്‍ത്ഥമുണ്ട്. അനേകം തുറകളുള്ള നാട് എന്നര്‍ത്ഥത്തില്‍ തുറകളുടെ ഊര് ക്രമേണ തുറയൂരായതായിരിക്കാം. ഒരു കാലത്ത് ബ്രാഹ്മണര്‍ കൂടുതലായി അധിവസിച്ച പ്രദേശമാണിത്. തുറവന്‍ എന്നാല്‍ ജ്ഞാനി എന്നാണര്‍ത്ഥം. തുറവന്‍മാരുടെ ഊര് ക്രമേണ ലോപിച്ച് തുറയൂര് ആവാനും സാധ്യതയുണ്ട്. പഴയ നമ്പൂതിരി ഇല്ലങ്ങളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ ഇവിടെ ധാരാളമുണ്ട്. മനയ്ക്കല്‍, എളമന, തൃക്കോവില്‍, കോലാത്ത്, വണ്ണത്താന്‍ വീട്, വണ്ണാന്റെവിട തുടങ്ങിയ സ്ഥലനാമങ്ങള്‍ അന്നത്തെ ബ്രാഹ്മണ ഭവനങ്ങളെയും, ആശ്രിത ഭവനങ്ങളെയും സൂചിപ്പിക്കുന്നു. തുറയൂര്‍ എന്ന സ്ഥലം ഇന്ന് പയ്യോളി എന്ന പേരിലാണധികവും അറിയപ്പെടുന്നത്. പയ്യോര്‍ മലയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ പയ്യോളിയിടം എന്ന ഭവനം പയ്യോര്‍മലയുടെ ആസ്ഥാനമായിരിക്കാന്‍ സാധ്യതയുണ്ട്. പയ്യോര്‍മല മുത്തശ്ശിയുടെ ക്ഷേത്രം ഈ പഞ്ചായത്തിലെ തോലേരിയിലായിരുന്നു. പയ്യോളിയിടം എന്ന പേരില്‍ നിന്നാവാം ഈ പ്രദേശത്തിന് പയ്യോളി എന്ന പേര്‍ സിദ്ധിച്ചത്. കുറ്റ്യാടി മുതല്‍ കോരപ്പുഴവരെയുള്ളവരും, തിക്കോടി, മൂടാടി, കീഴരിയൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലുള്ളവരും ഇവിടുത്തെ പ്രസിദ്ധമായ തിങ്കളാഴ്ച ചന്തയ്ക്ക് എത്തിച്ചേരാറുണ്ടായിരുന്നു. വെറ്റില, ചക്കര, ചൂടിപ്പായ, ഉപ്പൂത്തിയില, കോഴി, താളി ഇവയുടെ വിപണന കേന്ദ്രമായിരുന്നു ഈ അങ്ങാടി. മൂരാട് നിന്നും പയ്യോളി അങ്ങാടി വഴി കുറ്റ്യാടിയ്ക്ക് ബോട്ടുസര്‍വ്വീസും ഉണ്ടായിരുന്നു. കനോലി കനാലിന്റെ ഭാഗമായി അകലാപ്പുഴ കീറി കുറ്റ്യാടിപ്പുഴയുമായി യോജിപ്പിച്ച് നിര്‍മ്മിച്ച പയ്യോളി ചീര്‍പ്പ് അന്നു വളരെ പ്രസിദ്ധമായിരുന്നു. ഈ ചീര്‍പ്പിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് ഈ സ്ഥലത്തിന് പയ്യോളി ചീര്‍പ്പ് എന്ന ഒരു പേര് കൂടി വന്നുചേര്‍ന്നത്. 1924-ല്‍ പ്രവര്‍ത്തനമാരംഭിച്ച പാക്കനാര്‍പുരത്തെ ശ്രദ്ധാനന്ദവിദ്യാലയം അവര്‍ണ്ണരുടെ വിദ്യാഭ്യാസത്തിനുള്ള അങ്കക്കളരിയായിരുന്നു. നല്ലമ്പ്രക്കുന്നില്‍ അവിഞ്ഞാട്ടുമൂപ്പില്‍ നായരില്‍ നിന്ന് 8 ഏക്കര്‍ സ്ഥലം ചാര്‍ത്തിവാങ്ങി ഈ വിദ്യാലയം സ്ഥാപിച്ചതും ഈ പ്രദേശത്തിന് പാക്കനാര്‍പുരം എന്ന് നാമകരണം ചെയ്തതും കെ.കേളപ്പജിയായിരുന്നു. കെ.കേളപ്പന്‍, എ.കെ.ഗോപാലന്‍, ആനന്ദതീര്‍ത്ഥര്‍ തുടങ്ങിയ പ്രഗല്‍ഭരായിരുന്നു ഇവിടുത്തെ അദ്ധ്യാപകര്‍. 1934-ല്‍ ഇവിടുത്തെ ഹരിജനോദ്ധാരണ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മഹാത്മാഗാന്ധി എത്തിച്ചേര്‍ന്നതും ഈ പഞ്ചായത്തിന്റെ അഭിമാനകരമായ ചരിത്രവസ്തുതയാണ്. പൂജ്യ വിനോബാജിയും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സാമൂതിരിക്കോവിലകവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന പ്രസിദ്ധമായ രണ്ട് തറവാടുകള്‍ ഇവിടെ ഉണ്ടായിരുന്നു. മനയ്ക്കലും കോമത്തുമാണ് ആ രണ്ട് തറവാടുകള്‍. ഒറ്റ ദിവസം കൊണ്ട് 101 കറുത്ത കറവപ്പശുക്കളെ എത്തിച്ചുകൊടുത്തതിന് പാരിതോഷികമായി കോമത്തു തറവാട്ടിലെ കാരണവര്‍ക്ക് കൃഷ്ണനാട്ടം കളിക്കാനുള്ള സമ്മതം സാമൂതിരിരാജാവ് കല്പിച്ചുനല്‍കിയെന്ന് ഐതിഹ്യമുണ്ട്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന തുറയൂര്‍ പഞ്ചായത്ത് ഇപ്പോഴത്തെ കീഴരിയൂര്‍ പഞ്ചായത്തുകൂടെ ഉള്‍പ്പെട്ട ഭാഗമായിരുന്നു. 4 ദേശങ്ങള്‍ പഞ്ചായത്തിലുണ്ടായിരുന്നു. തുറയൂര്‍ കീഴരിയൂര്‍, ഇരിങ്ങത്ത്, മുകപ്പൂര്‍ എന്നിവയാണവ. ഏതാനും കുന്നുകളും വിശാലമായ പാടശേഖരങ്ങളും ഗണ്യമായ ചതുപ്പുനിലങ്ങളും ചേര്‍ന്ന ഭൂവിഭാഗമാണ് ഈ പഞ്ചായത്ത്. വടക്ക് കുറ്റ്യാടിപ്പുഴയും, തെക്ക് അകലാപ്പുഴയും, തെക്കുകിഴക്കുഭാഗം ചെറുപുഴയും ഈ പഞ്ചായത്തിന്റെ അതിര്‍ത്തികളായി വരുന്നു. കൃഷി, പായനെയ്ത്ത്, മല്‍സ്യബന്ധനം, മണ്‍പാത്രനിര്‍മ്മാണം, കച്ചവടം, കന്നുകാലി വളര്‍ത്തല്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട തൊഴിലുകള്‍. ഒരു കാലത്ത് വളരെയേറെ നെല്ലുല്പാദനം നടന്ന പ്രദേശമായിരുന്നു ഇത്. വളരെ മുമ്പ് തന്നെ ജനനിബിഡവും കര്‍മ്മ നിരതവുമായ ഈ പ്രദേശത്ത് പയ്യോളി പോലീസ് സ്റ്റേഷന്‍, പയ്യോളി രജിസ്ട്രാര്‍ ഓഫീസ്, പയ്യോളി കോടതി എന്നിവ സ്ഥിതി ചെയ്തിരുന്നു. ഒരു കാലത്ത് പയ്യോളി അങ്ങാടി കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം അപര്യാപ്തമായിരുന്ന അക്കാലത്ത് ജലഗതാഗതം ആയിരുന്നു മുഖ്യ ആശ്രയം. വര്‍ഷകാലത്ത് ഈ പഞ്ചായത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുക പതിവായിരുന്നു. കുറ്റ്യാടിപ്പുഴയ്ക്ക് ഭിത്തികെട്ടി റോഡ് ഗണ്യമായുയര്‍ത്തിയതിനുശേഷമാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് ഈ പഞ്ചായത്ത് രക്ഷനേടിയത്. വിദ്യാഭ്യാസ രംഗത്ത് ഈ പഞ്ചായത്തിന് വിസ്മരിക്കാന്‍ കഴിയാത്ത നാമധേയമാണ് കുഞ്ഞിമ്മൂസ്സ മൌലവിയുടേത്. 4 പ്രാഥമികവിദ്യാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. പള്ളിക്കുനി, പാറേമ്മല്‍, ഇരിങ്ങത്ത് എം.എല്‍.പി, പയ്യോളി സൌത്ത് എ.എല്‍.പി.എന്നിവ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളാണ്.