Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

Monday, November 21, 2011

ഇരിങ്ങത്ത്



ചങ്ങമ്പുഴക്കവിതയിലെന്ന പോലെ പച്ചപുതച്ച പുല്‍മേടുകളും മലകളും വയലേലകളും കൊച്ചു കല്ലോലിനികളും പുഴകളും മറ്റ് പലതരം വൃക്ഷലതാദികളാലും സമൃദ്ധമാണ് ഇരിങ്ങത്ത് എന്ന ഗ്രാമം. ഇവിടം ക്ഷേത്രങ്ങളും പള്ളികളും കാവുകളും കൊണ്ട് ധന്യമാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മതില്‍ക്കെട്ട് പോലെ തലയുയര്‍ത്തി നില്‍ക്കുന്ന പാക്കനാര്‍പുരം കുന്ന്. അതിന്റെ പടിഞ്ഞാറെ ചരിവില്‍ കുലുപ്പച്ചാല്‍ എന്ന നീര്‍ത്തടാകം. ഒരു കാലത്ത് കുലുപ്പച്ചാല്‍  നെല്‍കൃഷിക്ക് പേരുകേട്ടതായിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പാക്കനാര്‍പുരം ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മജിയുടെയും കേരളഗാന്ധി കേളപ്പജിയുടെയും ആചാര്യ വിനോബജിയുടെയും പാദസ്പര്‍ശമേറ്റ് പരിശുദ്ധമായ പാക്കനാര്‍പുരം... ഒരു ചരിത്ര സ്മാരകം പോലെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധിസദനം. നൂല്‍നൂല്‍പ്പിനും മണ്‍പാത്ര വ്യവസായത്തിനും പേരുകേട്ട ഈ സ്ഥലം ആധുനിക വത്കരണത്തിന്റെ ഭാഗമായി അന്യം നിന്നുകിടക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റത്തിന്റെ പ്രകമ്പനം ഉള്‍ക്കൊണ്ട് നിശ്ചലമായി നീണ്ടു പോകുന്ന പയ്യോളി-പേരാമ്പ്ര റോഡ്. ഈ റോഡ് ആംഗല ഭരണകാലത്ത് പണിതതാണെന്ന് പറയപ്പെടുന്നു.
പാക്കനാര്‍പുരത്ത് നിന്നും നൂറു മീറ്റര്‍ അകലെ കിഴക്ക് ഭാഗത്തായി കുപ്പേരിക്കാവ് ഭഗവതിക്ഷേത്രം .ഭഗവതി ഇരിക്കുന്ന അകം എന്നത് കൊണ്ടാവാം ഇരിങ്ങത്ത് എന്ന പേരുവരാന്‍ കാരണമെന്ന് അനുമാനിക്കുന്നു. പണ്ട് ഈ സ്ഥലത്തിന് മുകപ്പൂര്‍ (മുകളിലുള്ള ഊര് ) എന്നും പേരുണ്ടായിരുന്നു. കുംഭ ഭരണിയില്‍ നിശ്ചയിച്ച് മീന ഭരണിയില്‍ അവസാനിക്കുന്ന കാലഘട്ടമാണ് ഉത്സവകാലം. ചെറിയ വിളക്കില്‍ തുടങ്ങി വാളകം കൂടുന്ന ഏഴു ദിവസമാണ് ഉത്സവം. കുപ്പേരിക്കാവ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ക്ഷീരകര്‍ഷക സഹകരണ സംഘം ഇരിങ്ങത്തെ ക്ഷീരകര്‍ഷകരുടെ ആശാകേന്ദ്രമാണ്.
കുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും അല്പം കിഴക്കായി ഇരിങ്ങത്ത് യു.പി. സ്‌കൂളും എതിര്‍വശത്ത് മാപ്പിള എല്‍.പി.സ്‌കൂളും നിലകൊള്ളുന്നു. സ്‌കൂളിന്റെ തൊട്ടടുത്താണ് പുരാതനമായ മുകപ്പൂര്‍ പള്ളി. ഇരിങ്ങത്ത് കാരുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് അടുത്തടുത്തുള്ള പള്ളിയും ക്ഷേത്രവും. പള്ളിയില്‍ നിന്നും അല്പം കിഴക്കാണ് കല്ലുംപുറം എന്ന കവല. പണ്ട് ഈ സ്ഥലത്തിന് പാണ്ടിശാലയ്ക്കല്‍ എന്നും പേരുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഏതോ പാണ്ടികശാലയാവാം എന്ന് കരുതുന്നു.
കല്ലുംപുറത്ത് ഇരിങ്ങത്ത് വികസന സമിതി  വായന ശാലയും പാക്കനാര്‍പുരം ആയുര്‍വേദ ആശുപത്രിയുമുണ്ട്. കല്ലുംപുറത്ത് നിന്നും വടക്കോട്ട് പോകുന്ന റോഡില്‍ ഇരിങ്ങത്ത് കഌനിക്. അവിടെ നിന്നും വടക്കോട്ട് നടന്നാല്‍ പച്ച പുതച്ച നെല്‍പാടങ്ങള്‍ കാണാം. പാടത്തിന്റെ നടുവില്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് അടുത്തായി തിരുത്തില്‍ പാറ. ഈ പാറ ഇന്ന് അസ്ഥി മാത്രമായി അവശേഷിക്കുന്നു. അവിടുന്ന് അല്പം വടക്ക് മാറി അയിമ്പാടി ക്ഷേത്രം . എല്ലാ വര്‍ഷവും കുംഭം പതിനേഴിനാണ് അവിടെ തിറ മഹോത്സവം. അയിമ്പാടി ക്ഷേത്രത്തിന്റെ ഭാഗമായ അയ്യറോത്ത് പരദേവതാ ക്ഷേത്രം കണ്ടംചിറയുടെ സമീപത്താണ്. അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രം , നടുക്കണ്ടി ക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളാണ്. ദേവന്‍മാരുടെയും ദേവിമാരുടെയും വിളയാട്ടുകേന്ദ്ര മായത് കൊണ്ടാവാം ഈ സ്ഥലത്തിന് വിളയാട്ടൂര്‍ എന്ന പേര് വന്നത്. കല്ലുംപുറത്ത് നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ അകലത്തില്‍ പേരാമ്പ്ര റോഡിന്റെ വടക്ക് ഭാഗത്തായി രണ്ട് ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള മുണ്ടപ്പുറം ശിവക്ഷേത്രവും അത്രതന്നെ പഴക്കമുള്ള കുനിപ്പൊയില്‍ വിഷ്ണുക്ഷേത്രവും.
ഇരിങ്ങത്ത് നടുവണ്ണൂര്‍ റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ചാല്‍ തങ്കമല എസ്റ്റേറ്റ് കാണാം . അതിനപ്പുറം നീറോഡ് മല. നീറോഡ് മലയില്‍ നിന്നും നോക്കിയാല്‍ അങ്ങകലത്തായ്ി അറബിക്കടലും ചെറുപുഴയും അകലാപ്പുഴയും കാണാം. നീറോഡ് മലയുടെ മുകളില്‍ രണ്ട് കളരികളുണ്ട്. ചെറിയ കളരിയും വലിയ കളരിയും. അവിടെ 1974 ല്‍ സ്ഥ്പിച്ച വാര്‍ത്താവിനിമയ രംഗത്തെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശൃംഖലയായ മൈക്രോ വേവ് സ്‌റ്റേഷന്‍.
കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങള്ില്‍ സജീവമായി നിലനില്‍ക്കുന്ന ഒട്ടേറെ കലാവേദികള്‍ ( ഷാലിമാര്‍, സചേതന, സരിഗ, കൈലാസം, സുകൃതം, സഹോദര, ഗ്രാമീണ, പ്രഗതി, വികാസ്, എം.ആര്‍.എം, കെ,ആര്‍.എം, ഹരിശ്രീ, ബോധി, നൈതികം,......... ) ഇരിങ്ങത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ പ്രതീകങ്ങളാണ്.

Sunday, November 13, 2011

ശ്രീ. കേളപ്പജി വിദ്യാനികേതന് പാക്കനാർപുരം


ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ പ്രസ്ഥാനമായ ''വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്‍''  ന്റെ കേരള ഘടകമാണ് ഭാരതീയ വിദ്യാനികേതന്‍. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ 1999-ല്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ശ്രീ. കേളപ്പജി വിദ്യാനികേതന് തുടക്കം കുറിച്ചത്.
അരുണ്‍ (LKG) ഉദയ (UKG) എന്നീ 'ശിശുവാടിക' ക്ലാസ്സുകളും Ist മുതല്‍ IVth വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. അക്കാഡമിക് വിഷയങ്ങള്‍ക്ക് പുറമെ വിദ്യാനികേതന്റെ പഞ്ചാംഗ ശിക്ഷണം (യോഗ, ശാരീരികം, നൈതികം, സംസ്‌കൃതം, സംഗീതം) നിര്‍ബ്ബന്ധവിഷയമാണ്. ഇത് ചെറിയ ക്ലാസുമുതല്‍ പഠിപ്പിക്കുന്നുണ്ട്. ഗീത.ഒ. പ്രധാന അധ്യാപികയും, കൂടാതെ 7 അധ്യാപികമാരും, 2 ആയമാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകല്‍ ശ്രീ. കെ.സി.കെ. കൃഷ്ണന്‍ പ്രസിഡണ്ടും, എന്‍.സി. ബാലകൃഷ്ണന്‍മാസ്റ്റര്‍ വൈസ് പ്രസിഡണ്ടും, കെ.എം. ഗംഗാധരന്‍ സെക്രട്ടറിയും, ടി.സി. സുരേശന്‍ ഖജാന്‍ജിയും 4 എക്‌സിക്യൂട്ടീവ് അംഗങ്ങളും അടക്കം 8 അംഗ വിദ്യാലയ ഭരണസമിതിയാണ് നിലവിലുള്ളത്. National Institute of open Schooling (NIOS Govt of India) ന്റെ അംഗീകാരത്തോടെയാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. (Approved by Govt. of Kerala G.O. (Rt)No 2596/2003/G.Edn.)
2012 മാര്‍ച്ച് അവസാനത്തോടുകൂടി 13 വര്‍ഷമായി ഈ വിദ്യാലയം ഇവിടെ പ്രവര്‍ത്തിക്കുന്നു.


ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം
പാക്കനാര്‍പുരം ശ്രീ കേളപ്പജി വിദ്യാനികേതനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം 2012 ജനവരി 1 ന് സംഗീതാധ്യാപകനും ഗായകനും സംഗീത സംവിധായകനുമായ ശ്രീ പ്രേം കുമാര്‍ വടകരയാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രീയ സംഗീതം ,തബല, ക്ീബോര്‍ഡ് , നൃത്തം എന്നിവയാണ്  ഇപ്പോള്‍ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . മൊത്തം 52 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠ്ിക്കുന്നുണ്ട് . അധ്യാപകര്‍ - ശ്രീ . ഇ.നാരായണന്‍ , സജീവന്‍, ദേവദാസ്, സുനിത